പോലീസിനെ വെട്ടിച്ചു കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവം: പ്രതികൾ തിരുവമ്പാടി പോലീസിന്റെ പിടിയിൽ

തിരുവമ്പാടി: പോലീസിനെ വെട്ടിച്ച് കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. മഞ്ചേരി വലിയതൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, മൂക്കൻ വീട്ടിൽ മുഹമ്മദ് സ്വാലി എന്നിവരെയാണ് തിരുവമ്പാടി എസ്.ഐ. രമ്യ അറസ്റ്റ് ചെയ്തത്. വിവിധ ഭാഗങ്ങളിൽ സ്ഥിരമായി അനധികൃതമായി മാലിന്യം തള്ളുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.
കഴിഞ്ഞദിവസം മാലിന്യവുമായി എത്തിയ വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കേസ് വഴിതിരിച്ചുവിടാനും പോലീസിനെ കബളിപ്പിക്കാനും ലക്ഷ്യമിട്ട്, സംഭവദിവസം വണ്ടി ഓടിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് മറ്റ് രണ്ടുപേർ സ്റ്റേഷനിൽ ഹാജരായി നാടകം കളിച്ചിരുന്നു. ഈ വ്യാജന്മാർക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു.
തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ പ്രതികളായ ഷിബിലിയും സ്വാലിയും ഇപ്പോൾ പിടിയിലായത്.



