മദ്യപിച്ച് വാഹനമോടിച്ചാൽ കുടുങ്ങും: കേരളത്തിൽ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ (സ്‌പെഷ്യൽ ഡ്രൈവ്) 6,199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 13 രാവിലെ 7 മണി മുതൽ ഒക്ടോബർ 17 രാവിലെ 7 മണി വരെയുള്ള കാലയളവിലാണ് ഈ കർശന പരിശോധന നടത്തിയത്.
ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സോൺ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ചായിരുന്നു പരിശോധന.
കൂടുതൽ കേസുകൾ എറണാകുളം റൂറലിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം റൂറൽ ജില്ലയിലാണ് ഇവിടെ 710 കേസുകൾ എടുത്തു. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ, ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർഗോഡ് ജില്ലയിലാണ് (75 കേസുകൾ).
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്ന് എ.ഡി.ജി.പി പി. വിജയൻ വ്യക്തമാക്കി. ഇതുപോലുള്ള കർശന വാഹന പരിശോധനകൾ വരുന്ന ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.



