ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം; വളർത്തുനായയെ കൊന്നു.

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് പ്രദേശത്ത് വന്യജീവി ആക്രമണം. മുഞ്ഞനാട്ട് ബെന്നിയുടെ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു.
നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തുനായകളെ കാണാതാകുകയും പരിക്കേൽപ്പിക്കുകയും കൊന്ന് തിന്നുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആക്രമണം നടത്തിയത് പുലിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വന്യജീവിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ ഉപരോധിച്ചു. തുടർന്ന് കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വാർഡ് മെമ്പർ ജിജി ഏലുവാലുങ്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, മെമ്പർമാരായ ബാബു പട്ടരാട്ട്, ശിവദാസൻ താഴെപ്പാലാട്ട്, നാൻസി ജോഷി എന്നിവരും,
പ്രദേശവാസികളായ ജോർജ് പുത്തൻപുര, ജോസ് അറയ്ക്കാക്കൽ, വിൽസൺ പുത്തൻകണ്ടത്തിൽ, സത്യൻ പൂളപ്പറമ്പത്ത്, സാബു പ്ലാക്കൽ, സാജൻ കന്നാംകുന്നേൽ, സന്തോഷ് മോലേക്കുന്നേൽ, തങ്കച്ചൻ പുത്തൻപുര എന്നിവരും,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദീപേഷ്, സി. ജിഗേഷ് കുമാർ, വി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമിത്ത് എം, അരുൺ എം.എം, ആതിര കെ, രേഷ്മ പി എന്നിവരും സന്നിഹിതരായിരുന്നു.



