LOCAL NEWS

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പിനും ദീപശിഖയ്ക്കും ബീച്ചിൽ ആവേശോജ്ജ്വല സ്വീകരണം

കോഴിക്കോട്:68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എത്തിച്ചേർന്ന സ്വർണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. പൊതു വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സ്വർണക്കപ്പ് ഏറ്റുവാങ്ങി സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.  വി.കെ ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. ഫാത്തിമ തഹ്‌ലിയ എം.എൽ.എ., വാർഡ് കൗൺസിലർ സാറാ ജാഫർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. അമൃത, പി.ആർ. ശ്രീജേഷ്, കായികതാരം പി.യു. ചിത്ര, മാധ്യമപ്രതിനിധി കമാൽ വരദൂർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, കായികതാരങ്ങൾ, കായികപ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു.

കായികമേളയ്ക്ക് കോഴിക്കോട് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ പ്രോഗ്രാം കമ്മിറ്റികളുടെയും കായികപ്രേമികളുടെയും നേതൃത്വത്തിൽ ആവേശകരമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഭിന്നശേഷിക്കാരെക്കൂടി കായികമേഖലയുടെ മുഖ്യധാരയിലേക്ക് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് കായികമേള ഉൾപ്പെടുത്തിയിരിക്കുന്നത്. കായികകേരളത്തിന്റെ ഭാവി പ്രതീക്ഷകളാണ് ഇത്തവണത്തെ സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കുന്നത്. ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട കോഴിക്കോട്ടുകാർ കായികമേളയെ ഗംഭീര വിജയമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ടി. പി.അഷ്റഫലി എം.എൽ.എയാണ് കോഴിക്കോട് ജില്ലക്ക് സ്വർണ്ണക്കപ്പ് കൈമാറിയത്. ഐക്കരപ്പടിയിൽ നൽകിയ സ്വീകരണത്തിനുശേഷം സ്വർണക്കപ്പ് ഘോഷയാത്ര രാമനാട്ടുകര, ഫറോക്ക്, ചുങ്കം, മീഞ്ചന്ത, ഫ്രാൻസിസ് റോഡ് വഴി കോഴിക്കോട് ബീച്ചിലെത്തി. ബീച്ചിലെ സ്വീകരണത്തിനുശേഷം ഓവർബ്രിഡ്ജ് വഴി മാനാഞ്ചിറ ഗവൺമെന്റ് ടി. ടി. ഐ. യിലെത്തുന്ന സ്വർണ്ണ കപ്പും ദീപശിഖാ പ്രയാണവും  മാനാഞ്ചിറ ചുറ്റി പുതിയ ബസ് സ്റ്റാൻഡ്, അരയിടത്തുപാലം വഴി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. ഉച്ചയ്ക്ക് രണ്ടിന് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെത്തുന്ന  സ്വർണ്ണ കപ്പും ദീപശിഖാ പ്രയാണവും വൈകിട്ട് മൂന്നോടെ സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എൻ.ഐ.ടി. ക്യാമ്പസിലെത്തും.

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ പ്രയാണം വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചാണ് കോഴിക്കോട്ടെത്തിയത്. കാസർകോട് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം കണ്ണൂർ, വയനാട് ജില്ലകളിലൂടെ കടന്നാണ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് കോഴിക്കോട് നഗരത്തിലൂടെ പ്രയാണം നടത്തി കായികമേളയുടെ ആവേശം വർധിപ്പിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com