KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പരിസ്ഥിതി ലോല മേഖല: കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യം; കേരള കർഷക സംഘം കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കോടഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇഎസ്എ (ESA) കരട് വിജ്ഞാപനത്തിൽ നിന്നും കൃഷിഭൂമിയെയും ജനവാസ മേഖലകളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി മുൻ ഇടുക്കി എംപിയും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാനുമായ അഡ്വ. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വിജ്ഞാപനത്തിന്റെ കരടിൽ തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണുള്ളത്. അതിർത്തികളിൽ മാറ്റമില്ലാതെ തന്നെ കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകളുടെ വിസ്തൃതി വർദ്ധിച്ചതായി രേഖപ്പെടുത്തുകയും കോടഞ്ചേരി വില്ലേജിന്റെ വിസ്തൃതി 10 ചതുരശ്ര കിലോമീറ്റർ കൂട്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മറ്റ് വില്ലേജുകളിൽ വരുത്തിയ കുറവ് ചില വില്ലേജുകളിലേക്ക് കൂട്ടിക്കാണിച്ച നിലവിലെ രീതി ജനവാസമേഖലകൾക്ക് വലിയ തിരിച്ചടിയാണ്. ഈ നിലയിൽ ഇഎസ്എ പരിധി നിശ്ചയിച്ചാൽ വനമേഖലയ്ക്ക് ബാധകമായ കർശന നിയമങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിക്കുകയും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും.
നിലവിലുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും പിൻവലിച്ച് കേവലം വനമേഖലകളെ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. ചടങ്ങിൽ കർഷക സംഘം ഏരിയ പ്രസിഡന്റ് സി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ, കർഷക സംഘം ഏരിയ സെക്രട്ടറിയും മുൻ എംഎൽഎയുമായ ലിന്റോ ജോസഫ്, നേതാക്കളായ പി.ജെ. ഷിബു, ജമീഷ് ഇളംതുരുത്തിയിൽ, സന്തോഷ് സെബാസ്റ്റ്യൻ, ജമീല കാരശ്ശേരി, ലിൻസ് വർഗീസ്, സെബാസ്റ്റ്യൻ, എ.എസ്. രാജു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com