അടിവാരം ബസ് സ്റ്റോപ്പ്; എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

മുക്കം: അടിവാരം അങ്ങാടിയിലെ ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അടിവാരം ബസ് സ്റ്റോപ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്റെ മുക്കത്തെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.90 വർഷത്തോളം പഴക്കമുള്ളതും നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്നതുമായ അടിവാരം അങ്ങാടിയിലെ ബസ് സ്റ്റോപ്പ് മൂന്ന് മാസം മുൻപാണ് പൂർണ്ണമായും പൊളിച്ചുമാറ്റിയത്. ഇതോടെ ബസുകൾ ഇവിടെ നിർത്താതാവുകയും, രോഗികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികൾ കിലോമീറ്ററുകൾ അകലെയുള്ള ബസ് സ്റ്റാൻഡിലേക്ക് നടക്കേണ്ട ദുരവസ്ഥയിലാവുകയും ചെയ്തു. ആശുപത്രി ആവശ്യങ്ങൾക്ക് പോലും 400 മീറ്ററിലധികം ദൂരെയുള്ള ബസ് സ്റ്റാൻഡിനെ ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങളെ ഏറെ വലയ്ക്കുകയാണ്.ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായിരുന്നു. എന്നാൽ, എംഎൽഎയും ഭൂമാഫിയകളും ചേർന്ന് തിരുവനന്തപുരത്തെത്തി ഗതാഗത മന്ത്രിയെ സമ്മർദ്ദത്തിലാക്കി ഈ തീരുമാനം റദ്ദാക്കുകയായിരുന്നെന്ന് സമരസമിതി ഭാരവാഹികൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും എംഎൽഎയും റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടി ഒത്തുകളിച്ച് നാട്ടുകാരെ വഞ്ചിക്കുകയാണെന്നും, ബസ് സ്റ്റോപ്പ് പുനർനിർമ്മിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്ത പ്രതിഷേധ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ഭാരവാഹികളും വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രവർത്തകരും സംസാരിച്ചു.


