KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാരുണ്യത്തിന്റെ കരുതലുമായി എൻഎസ്എസ് വളണ്ടിയേഴ്സ്; ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മാതൃകയായി.എൻഎസ്എസിന്റെ മാനസഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന്റെ വീട് വൈദ്യുതീകരിക്കുന്നതിനാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികൾ ഈ വേറിട്ട സംരംഭത്തിന് തുടക്കമിട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി. ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ്മ എസ്.ഐ.സി., എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., വളണ്ടിയർ ലീഡേഴ്സ്, സ്കൂൾ പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ബിരിയാണി തയ്യാറാക്കുന്നതു മുതൽ പാക്കിംഗ്, ലേബലിംഗ്, ഓർഡറുകൾ ക്രമീകരിക്കൽ, വീടുകളിൽ എത്തിച്ചുനൽകൽ തുടങ്ങി ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ ആവേശപൂർവം പങ്കാളികളായി. ഉത്തരവാദിത്വബോധത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും അവർ ഈ സംരംഭത്തെ വിജയകരമാക്കി.സ്കൂളിലെ വിദ്യാർത്ഥികൾ, എൻഎസ്എസ് വളണ്ടിയേഴ്സ്, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് ബിരിയാണി ചലഞ്ചിന്റെ വിജയത്തിന് കരുത്തായത്.പഠനത്തോടൊപ്പം സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിയാനും അവർക്കായി സ്വന്തം അധ്വാനവും സമയവും മാറ്റിവെക്കാനും തയ്യാറായ വിദ്യാർത്ഥികളുടെ മനോഭാവം ഏറെ അഭിനന്ദനാർഹമാണ്. ചെറിയൊരു പ്രവർത്തനത്തിലൂടെ ഒരു കുടുംബത്തിന്റെ ജീവിതത്തിൽ വെളിച്ചം പകരാൻ മുന്നിട്ടിറങ്ങിയ കുട്ടികളുടെ കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും മറ്റുള്ളവർക്ക് മാതൃകയാകട്ടെ. വിദ്യാർത്ഥികളുടെ ഈ മഹത്തായ ഉദ്യമത്തെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും അധ്യാപക-അനധ്യാപക ജീവനക്കാരും പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com