
തിരുവമ്പാടി:ശ്രേയസ് സോഷ്യൽ സർവീസ് സംഘടനയുടെ കണ്ണൂർ കരുവഞ്ചാലിൽ ഉള്ള കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം, ഇരവഞ്ഞിവാലി ടൂറിസം ഗ്രാമത്തിന്റെ ഭാഗമായ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.
ശ്രേയസ് കണ്ണൂർ, കാസർഗോഡ് സോണൽ മാനേജർ സാജൻ വർഗീസിന്റെ നേതൃത്വത്തിൽ വനിതകൾ അടക്കമുള്ള 20 ഓളം കർഷകരുടെ സംഘമാണ് സന്ദർശനം നടത്തിയത്.തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റിയുടെ പ്രസിഡണ്ട് അജു എമ്മാനുവൽ സംഘത്തെ സ്വീകരിക്കുകയും ഫാമുകളിലൂടെയുള്ള യാത്രയ്ക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്തു.
ലേക്ക് വ്യൂ വില്ല ഫിഷ് ഫാം, ഗ്രേസ് ഗാർഡൻ, കല്ലോലിക്കൽ അഗ്രി ഫാം, കാർമൽ നഴ്സറി ആൻഡ് ഫാം, ബി എം ഫുഡ്സ്, തറക്കുന്നേൽ ഗാർഡൻസ്, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രോഡക്റ്റ്സ് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തുകയും കർഷകരുമായി സംവദിക്കുകയും ചെയ്തു.
ഇവിടേക്ക് യാത്ര പ്ലാൻ ചെയ്തപ്പോൾ പ്രതീക്ഷിച്ചിരുന്നതിലും ഏറെ മനോഹരമായ അനുഭവമാണ് ഇവിടെ എത്തിയപ്പോൾ തങ്ങൾക്ക് ലഭിച്ചതെന്നും ഇനിയും കൂടുതൽ കർഷക കൂട്ടായ്മകളെ ഇവിടേക്ക് അയക്കുവാൻ മുൻകൈയെടുക്കും എന്നും സന്ദർശക സംഘാംഗങ്ങളും അവർക്ക് നേതൃത്വം നൽകിയ സാജൻ വർഗീസും സന്തോഷപൂർവ്വം അറിയിച്ചു.



