KERALA NEWSNews

ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവർ സുമേഷിന്റെ ലൈസൻസാണ് സസ്പെന്റ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും അയക്കും. ഫറോക്ക് ജോയിന്റ് ആർടിഒയുടേതാണ് നടപടി.

യാത്രക്കാരുടെ ജീവന് പുല്ലുവില നൽകിയ സ്വകാര്യ ബസ് ഡ്രൈവർക്ക് ഒടുവിൽ പണി കിട്ടി. ബസ് ഡ്രൈവർ മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിന്‍റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴയും ഈടാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം അന്ന് തന്നെ പിഴ ചുമത്തിയെന്നാണ് കോഴിക്കോട് ട്രാഫിക് അസി. കമ്മീഷണർ പറയുന്നത്. 

സമൂഹമാധ്യമങ്ങളിലടക്കം സ്വകാര്യ ബസ്സുകളുടെ ഇത്തരം നിയമലംഘനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 7 കിലോമീറ്ററിന് ഇടയിൽ എട്ട് തവണയാണ് ഡ്രൈവര്‍ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിന്‍റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com