
കുന്ദമംഗലം: പെരിങ്ങളം ഗവ. ഹയർസെക്കൻഡറി എൻ .എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളിപറമ്പ് ഗവ. എല്‍.പി. സ്കൂളില്‍ സ്നേഹാരാമം ഒരുക്കി.
മരം മുറിച്ച അവശിഷ്ടങ്ങളും മാലിന്യവും കിടന്നിരുന്ന സ്കൂളിന്റെ പിൻഭാഗമാണ് മാലിന്യങ്ങള്‍ നീക്കി പുതുമണ്ണ് നിരത്തി സ്നേഹാരാമമാക്കിയത്. ചുവരില്‍ കാർട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ച് മനോഹരമാക്കി. മുറിഞ്ഞ് കിടന്ന മരങ്ങളെ ചെത്തി മിനുക്കി ഇരിപ്പിടങ്ങളൊരുക്കി. പൂക്കളുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും എൻ.എസ്.എസും സഹകരിച്ച് കേരളമൊട്ടാകെ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്നേഹാരാമം ഒരുക്കിയത്.



