ഉപഗ്രഹ ഗവേഷണത്തിലേക്ക് ചുവടുവെക്കാൻ എൻ.ഐ.ടി, ധാരണാപത്രം ഒപ്പുവെച്ചു – കെ ടി എക്സ് -2024

കോഴിക്കോട്: ഉപഗ്രഹ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങള്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായ ആനന്ദ് ടെക്നോളജീസുമായി ചേർന്ന് എൻ.ഐ.ടി. ക്യാമ്പസില്‍ ഉപഗ്രഹ ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാൻ ധാരണാപത്രം ഒപ്പുവച്ചു. എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയും ആനന്ദ് ടെക്നോളജിസ് ചെയർമാൻ ആൻഡ് എം.ഡി. ഡോ. സുബ്ബറാവു പാവുലൂരിയും ചേർന്ന് കെ.ടി.എക്സ്. ഗ്ലോബല്‍ വേവ് 2024 വേദിയില്‍ വച്ചാണ് കരാർ ഒപ്പിട്ടത്.
എൻഐടിയിലെ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും വേണ്ടി മാത്രമല്ല മറിച്ച് കോഴിക്കോട്ടെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് ഡോ. സുബ്ബറാവു അഭിപ്രായപ്പെട്ടു.
ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഇ.കെ. കുട്ടി, മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം, എൻ.ഐ.ടി. ഭൗതികശാസ്ത്ര വിഭാഗം മേധാവി എം.കെ. രവിവർമ്മ, പ്രൊഫ. ജോസ് മാത്യു, ഡോ. സി.വി. രഘു, ഡി.ഐ.ഇ.ടി. കോഴിക്കോട് പ്രിൻസിപ്പാള്‍ ഡോ. അബ്ദുല്‍ നാസർ, യു.എല്‍. സ്പേയിസ് ക്ലബ് സ്റ്റുഡന്റസ് ലീഡ് കെ. വരുണ്‍ തുടങ്ങിയവർ പങ്കെടുത്തു.



