
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി. ഷംലൂലത്ത് രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദക്ക് കൈമാറി. യുഡിഎഫ് നേതാക്കളായ കെ.ടി. മൻസൂർ, പി.ജി. മുഹമ്മദ്, കെ.പി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, യു.പി. മമ്മദ്, കരീം പഴങ്കൽ, എസ്.എ. നാസർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ എന്നിവർക്കൊപ്പം എത്തിയാണ് രാജി സമർപ്പിച്ചത്.രണ്ടര വർഷം എല്ലാവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഒരു പഞ്ചായത്തംഗം എന്ന നിലക്ക് ഇനിയും പൊതു രംഗത്ത് സജീവമായി ഉണ്ടാവുമെന്നും ഷംലൂലത്ത് പറഞ്ഞു.
യുഡിഎഫ് ധാരണ പ്രകാരം പ്രസിഡന്‍റ് പദവി കോൺഗ്രസ് പ്രതിനിധിക്ക് കൈമാറുന്നതിനായാണ് രാജി വെച്ചത്. രണ്ടര വർഷം വീതം പ്രസിഡന്‍റ് പദവി മുസ്ലീം ലീഗിനും കോൺഗ്രസിനുമാണ്. കോൺഗ്രസ് പ്രതിനിധിയും ആറാം വാർഡ് അംഗവുമായ ദിവ്യ ഷിബു പുതിയ പ്രസിഡന്‍റാവുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് കോൺഗ്രസ് അന്തിമ തീരുമാനമെടുത്തതായും അറിയുന്നു.



