
മുക്കം: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ മുക്കം ഇന്ന് വിജയാരവത്തിലലിയും. ലോക് സഭ തിരഞ്ഞെടുപ്പിൽ തനിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയാനും ആഹ്ലാദം പങ്കിടാനുമായി ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മുക്കത്ത് എം.പിയായി എത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ വമ്പിച്ചഒരുക്കങ്ങളാണ് യു.ഡി.എഫ് പ്രവർത്തകർ നടത്തിയത്.പ്രിയങ്കക്കൊപ്പം രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നതോടെ ആഘോഷത്തിന്റെ മാറ്റു കൂടുകയാണ്.സംസ്ഥാന പാതയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടി നടക്കുക.ഇന്നലെ രാപ്പകൽ യു.ഡി.എഫ് പ്രവർത്തകർ ആഘോഷത്തിന്റെ മുന്നൊരുക്കത്തിലായിരുന്നു.ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. കാസിം,കൺവീനർ ബാബു പൈക്കാട്ടിൽ എന്നിവർ പറഞ്ഞു.



