ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.എന്റെ ഭ്രാന്തൻ ചിന്തകൾ..

മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…എനിക്കിപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്, ദൈവങ്ങളുടെയോ മതങ്ങളുടെയോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ ഭാഗവത്തായി കുറച്ച് ആളുകൾ ഒരു സംഘടനയോ കൂട്ടായ്മയോ ഉണ്ടാക്കി മറ്റുള്ളവയെ മോശമാക്കി അല്ലെങ്കിൽ നശിപ്പിച്ച് “ഞാനാണ് കേമൻ” എന്ന് ഊറ്റം കൊള്ളുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന്?.. മറ്റുള്ളവയെ വെറുക്കാൻ പറയുന്ന ഒരു മതമോ പ്രത്യയശാസ്ത്രമോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പലർക്കും യുക്തിക്ക് നിരക്കാത്ത പലകാര്യങ്ങളും അതിലൊക്കെ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും മറ്റൊന്നിന്റെയും നാശം ആഗ്രഹിക്കുന്നതായും എനിക്ക് തോന്നിയിട്ടില്ല.. എന്നിട്ടും ആ ഒരു കൂട്ടം ആളുകൾ ആ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു..

അവർക്ക് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്.. അവരവരുടെ ലക്ഷ്യങ്ങൾ നേടാൻ അവരുടെ വിശ്വാസങ്ങളെയും മതങ്ങളെയും കൂട്ടുപിടിക്കുന്നു.. ഏതെങ്കിലും ഒരു വിശ്വാസത്തെയോ ആചാരത്തെയോ മറ്റു മതസ്ഥരിൽ ആരെങ്കിലും അറിയാതെയോ അറിഞ്ഞോ ഒന്നു പരാമർശിച്ചാൽ, ആ പ്രചാരക കൂട്ടം ആ പരാമർശത്തെ ഏതെല്ലാം രീതിയിൽ വളച്ചൊടിച്ച് മോശമാക്കാമോ അതെല്ലാം ചെയ്യുന്നു.. പൊതു പരിപാടികളിലും സോഷ്യൽ മീഡിയയിലും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.. താൻ ജീവനുതുല്യം അല്ലെങ്കിൽ അതിൽ കൂടുതൽ സ്നേഹിക്കുന്ന തന്റെ മതത്തെയോ മറ്റ് ആചാരങ്ങളെയോ മറ്റൊരു മതസ്ഥൻ കുറ്റപ്പെടുത്തുന്നത് അല്ലെങ്കിൽ പരിഹസിക്കുന്നത് ഏതൊരു നിഷ്കളങ്കനായ വിശ്വാസിയെയും വേദനിപ്പിക്കും.. ആ വേദന വർദ്ധിപ്പിക്കാനായി ആ പ്രചാരകക്കൂട്ടം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കും.. അതിന്റെ പരിണിതഫലമായി, ഇന്നലെവരെ സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന നിഷ്കളങ്കരായ എതിർ മതസ്ഥരേ അവർ അറിയാതെയെങ്കിലും വെറുക്കാൻ തുടങ്ങുന്നു.. വീടിന് പുറത്ത് ഉള്ളിലുള്ള ആ വിദ്വേഷം പ്രകടമാക്കിയില്ലെങ്കിലും വീടിന്റെ അകത്തളങ്ങളിൽ എതിർ മതത്തോടുള്ള ആ വിദ്വേഷം പലരും അറിയാതെ തന്നെ പല രീതിയിൽ പുറത്തുവരും.. ഇത് കാണുന്ന നമ്മുടെ കുരുന്നുകുഞ്ഞുങ്ങൾ വരെ ചിന്തിച്ചു തുടങ്ങുന്നു “ഞാൻ കേമനാണ്, മറ്റുള്ളവർ വെറുക്കപ്പെടേണ്ടവരാണ്” എന്നൊക്കെ.. കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞിരുന്ന നമ്മളോ ഇങ്ങനെയായി, സന്തോഷ സുന്ദര സുരഭിലമായി ജീവിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങളിൽ കൂടി ആ വിഷം കുത്തിവെക്കണോ?.. നമ്മുടെ പ്രതിജ്ഞയിൽ പറയുന്നതുപോലെ, ആത്മാർത്ഥമായി ലെവലേശം സന്നേഹമില്ലാതെ അടിയുറച്ച് നാമോരോരുത്തർക്കും പറയാൻ കഴിയണം ” എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരങ്ങളാണ്” എന്ന്.. അങ്ങനെയൊരു സമൂഹത്തിനേ സ്വർഗ്ഗതുല്യമായ ഒരു ഇന്ത്യ സൃഷ്ടിക്കാനാവു…Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com