തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 165.42 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു

തിരുവമ്പാടി മണ്ഡലത്തിൽ കിഫ്ബി ധനസഹാത്തോടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് പ്രവൃത്തികൾക്ക് ധനാനുമതി നൽകി ഉത്തരവായതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.മലപുറം-കോടഞ്ചേരി റീച്ച് ഹിൽഹൈവേക്ക് 57.25 കോടി രൂപയും തിരുവമ്പാടി -പുല്ലുരാംപാറ-മറിപ്പുഴ റോഡിന് 108.16 കോടി രൂപയുമാണ് അനുവദിച്ചത്.തലയാട് – മലപുറം റീച്ചിന് നേരത്തേ 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ ചെയ്തതാണ്.
ഇതോടെ തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെ മുഴുവൻ റീച്ചുകൾക്കും ഭരണാനുമതി ലഭിച്ചു.തിരുവമ്പാടി-പുല്ലുരാംപാറ-മറിപ്പുഴ റോഡിന് നേരത്തേ 77 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നെങ്കിലും ചിലഭാഗങ്ങൾ കൂടി കൂട്ടിചേർത്തതിനാലും ആനക്കാംപൊയിൽ പാലം ഉൾപ്പെടുത്തിയതിനാലും നിരക്കിൽ വന്ന മാറ്റം,ജി.എസ്.ടി മാറ്റം കൂടി ഉൾപ്പെടുത്തിയതിനാലാണ് 108.16 കോടി രൂപയായി വർധിച്ചത്.ഈ രണ്ട് പ്രവൃത്തികളുടെയും സാങ്കേതികാനുമതി ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കി ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.തിരുവമ്പാടി-മറിപ്പുഴ റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് അടിയന്തിര പ്രവൃത്തിക്കായി 22 ലക്ഷം രൂപയും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.


