
മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കത്ത് തുടക്കമായി. കലോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്താനിരുന്ന വർണാഭമായ വിളംബര ജാഥ കനത്ത മഴയെ തുടർന്ന് റദ്ദാക്കേണ്ടിവന്നു. എന്നാൽ നിശ്ചയിച്ച പ്രകാരം ഉദ്ഘാടനച്ചടങ്ങ് നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി. മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി കലോത്സവ സന്ദേശം നൽകി. പി കെ ഫിറോസ് എം എൽ എ മുഖ്യാതിഥിയായി , KSMDFC ചെയർമാൻ സി പി ചെറിയമുഹമ്മദ് , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനറും കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറും ആയ അനിത വി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ടി.കെ അൻവർ സാദത്ത് നന്ദി രേഖപ്പെടുത്തി. കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ നിർമാണ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു. മത്സര വിജയി ആയ കുന്ദമംഗലം മർകസ് ഗേൾസ് സ്കൂളിലെ രജ നൗറിനെ ഉപഹാരം നൽകി ആദരിച്ചു. ജില്ലയിലെ സംഗീതാധ്യാപകർ സ്വാഗതഗാനം ആലപനവും ബി ആർ സി കുന്ദമംഗലം കീഴിലുള്ള ഭിന്നശേഷി വിദ്യാർത്ഥികളുടെ “റിഥം” ഇൻക്ലൂസീവ് നൃത്താവിഷ്കാരവും ചടങ്ങിനെ മനോഹരമാക്കി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിതിൻ പുല്ലാട്ട്, ജി അബ്ദുൽ അക്ബർ , സഗരസഭാ ഉപാധ്യക്ഷൻ സി.എ പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുനീർ എരവത്ത്, റീമ കുന്നുമ്മൽ, ബൽക്കീസ് ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ജി മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, സീന അശോകൻ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മനീഷ ഉള്ളാട്ടിൽ, കൗൺസിലർ ഷജീഷ് വായലത്ത്, എസ്എസ് കെ ഡി. പി.സി ഡോ. നിസാർ ചേലേരി, ആർഡിഡി എസ് സുധ , എ.ഡി കെ റസീന , ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുൽ നാസർ, താമരശ്ശേരി ഡിഇഒ ബി.കെ. അരുൺ കെ.എ.എസ്, എഇഒ ടി ദീപ്തി, ഓർഫനേജ് സിഇഒ വി. അബ്ദുല്ലക്കോയ ഹാജി, സ്‌കൂൾ പ്രിൻസിപ്പൽ പി.പി. മോനുദ്ദീൻ, പിടിഎ പ്രസിഡൻ്റ് സി.എ. സാജുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കത്തെ വിവിധ വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരയ്ക്കും. കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി പതിമൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവം മുക്കത്തെ വിവിധ ക്യാമ്പസുകളിലായി ഒരുക്കിയ 22 വേദികളിലാണ് അരങ്ങേറുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കം ആതിഥേയത്വം വഹിക്കുന്നത്. കലോത്സവത്തിന്റെ ഭാഗമായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.



