LOCAL NEWS

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: സമയപരിധി നീട്ടി

കോഴിക്കോട്::മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടി. ശരിയായ രീതിയില്‍ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുക.

ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബിപിഎല്‍ കുടുംബത്തിനും പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്കും മക്കളില്ലാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പ്രത്യേക ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതിയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.minoritywelfare.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com