
മുക്കം: യാത്രാക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസമായി മുക്കം നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിച്ച ആധുനിക കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി കംഫർട്ട് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ദിനംപ്രതി നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന മുക്കം ബസ് സ്റ്റാൻഡിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിച്ചത്. സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ രീതിയിലാണ് കംഫർട്ട് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരുടെ വലിയൊരു ബുദ്ധിമുട്ടിനാണ് പുതിയ കംഫർട്ട് സ്റ്റേഷൻ യാഥാർത്ഥ്യമായതോടെ പരിഹാരമായിരിക്കുന്നത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണിത്.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ബിന്ദു കെ.പി, റാഷിദ് കുന്നത്ത്, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭകൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ഗിരിജ. വി, ഷഫീഖ് മാടായി, ബബിത മനോജ്, ഷജീഷ് വായലത്ത്, മുൻ നഗരസഭാ അധ്യക്ഷൻ പി.ടി. ബാബു, വ്യാപാരി സംഘടനാ നേതാക്കളായ അലി അക്ബർ, ബാബു വി.കെ, നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.



