മലബാർ റിവർ ഫെസ്റ്റിവൽ: സംസ്ഥാനതല കബഡി ടൂർണ്ണമെന്റ് ജൂലൈ 19-ന് മണാശ്ശേരിയിൽ.

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള പുരുഷ-വനിത കബഡി ടൂർണ്ണമെന്റ് ജൂലൈ 19 ഞായറാഴ്ച നടക്കും. മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയമാണ് മത്സരവേദി.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പ്രമുഖ പുരുഷ-വനിതാ ടീമുകൾ ഈ സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കും. ടൂർണ്ണമെന്റിൽ വിജയികളാകുന്നവർക്ക് വി. കുഞ്ഞാലി ഹാജിയുടെ നാമധേയത്തിലുള്ള ആകർഷകമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.മലയോര മേഖലയിലെ ജനകീയ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ നടക്കുന്നുണ്ട്.
ഇതിന്റെ മുന്നോടിയായി നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പ്രി-ഇവന്റ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് മുക്കം നഗരസഭ ഈ കബഡി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.മണാശ്ശേരിയിൽ നടക്കുന്ന ആവേശകരമായ മത്സരങ്ങൾ കാണുന്നതിനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ കായികപ്രേമികളും എത്തിച്ചേരണമെന്ന് മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി അഭ്യർത്ഥിച്ചു.



