തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ ജനകീയ പ്രതിരോധം; ഒച്ചുനശീകരണ പരിപാടിക്ക് തുടക്കമായി.

തിരുവമ്പാടി: പ്രദേശത്തെ കൃഷിയ്ക്കും പൊതുജന ആരോഗ്യത്തിനും കനത്ത ഭീഷണിയുയർത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ തിരുവമ്പാടിയിൽ വീണ്ടും ജനകീയ കൂട്ടായ്മ. തിരുവമ്പാടി അങ്ങാടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഒച്ചുകളെ തുരത്തുന്നതിനുള്ള വിപുലമായ നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണ് സംഘടിപ്പിച്ചത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. അജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ വർക്കി, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ടി. ഡി. ആർ. എഫ് പ്രതിനിധി യൂസഫ്, സാജോ മാണി മണ്ണാനിക്കാട്ട് എന്നിവരും ഹരിതകർമ്മസേന അംഗങ്ങളും മറ്റ് സന്നദ്ധ പ്രവർത്തകരും ഒച്ചുനശീകരണ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി.രാവിലെ 7.30-ഓടെ ആരംഭിച്ച ശുചീകരണ യജ്ഞത്തിൽ പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ചു. ചാക്കുകളിലാക്കി മാറ്റിയ ഒച്ചുകളെ ജൈവ കീടനാശിനി തളിച്ച് നശിപ്പിച്ച ശേഷം, ഉപ്പും ചേർത്ത് ആഴത്തിൽ കുഴിച്ചുമൂടുകയാണ് ചെയ്തത്. ഒച്ചുകളുടെ വ്യാപനം തടയാൻ വരും ദിവസങ്ങളിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



