ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി രജിസ്ട്രേഷൻ തടസ്സമില്ല: പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും വിവിധ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വാസ്തവവിരുദ്ധമെന്ന് വ്യക്തത. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി തടസ്സങ്ങളില്ലാതെ ടാക്സി രജിസ്ട്രേഷൻ ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിൽ ടാക്സി പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യവുമുണ്ട്.
ടാക്സി രജിസ്ട്രേഷനുള്ള പ്രധാന നിബന്ധനകൾ:
സ്പീഡ് ഗവേണർ: CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.
ജി.പി.എസ് ട്രാക്കിംഗ്: CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (VLTD) നിർബന്ധമാണ്.
നമ്പർ പ്ലേറ്റ്: CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് ഉപയോഗിക്കണം.
നികുതി: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം.
വാർത്തകൾക്ക് പിന്നിലെ യഥാർത്ഥ കാരണം:
വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ വ്യക്തിഗത ഉപയോഗത്തിനും (Personal Use) മറ്റു ചിലത് കമേഴ്‌സ്യൽ/ഫ്ലീറ്റ് ആവശ്യങ്ങൾക്കുമായാണ് വിപണിയിലിറക്കുന്നത്. വ്യക്തിഗത ആവശ്യത്തിന് (NTV) വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ടാക്സിയായി (TV) മാറ്റുന്നതിന് മോട്ടോർ വാഹന വകുപ്പ് തടസ്സം നിൽക്കാറില്ല.
എന്നാൽ, സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്ന വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുമ്പോൾ വാറന്റി, ഇൻഷുറൻസ് എന്നിവ നൽകുന്നതിൽ ചില വാഹന നിർമ്മാതാക്കൾ സ്വന്ത നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. വാഹന കമ്പനികളുടെ ഈ നയപരമായ തീരുമാനങ്ങളെ MVD-യുടെ രജിസ്ട്രേഷൻ നടപടികളുമായി തെറ്റായി കൂട്ടിക്കുഴച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.
സാങ്കേതിക സജ്ജീകരണങ്ങൾ പൂർത്തിയാക്കി അപേക്ഷിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ടാക്സി രജിസ്ട്രേഷൻ നൽകാൻ മോട്ടോർ വാഹന വകുപ്പ് സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.



