മൊഞ്ചുള്ള മുക്ക’ത്തിലേക്ക് ഒരു ചുവടുവെപ്പ് കൂടി;മാലിന്യനിക്ഷേപം തടയാൻ സി.സി.ടി.വി ക്യാമറകൾ ഉദ്ഘാടനം ചെയ്തു.

മുക്കം: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും നഗരത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനുമായി മുക്കം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
മുക്കം മിനി പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ മുക്കം നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. കെ.പി. ചാന്ദ്നി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് സ്വാഗതം പറഞ്ഞു.
നഗരസഭയെ പൂർണ്ണമായും മാലിന്യമുക്തമാക്കുക, പൊതുവഴികളിലും വിജനമായ സ്ഥലങ്ങളിലും നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സി.സി.ടി.വി ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറകളുടെ കൺട്രോൾ റൂം മുക്കം നഗരസഭാ ഓഫീസിലാണ് പ്രവർത്തിക്കുന്നത്. ക്യാമറ നിരീക്ഷണത്തിലൂടെ കുറ്റക്കാരെ എളുപ്പത്തിൽ കണ്ടെത്താനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും സാധിക്കും.
നഗരസഭയുടെ സൗന്ദര്യവൽക്കരണവും ശുചിത്വവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘മൊഞ്ചുള്ള മുക്കം’ ക്യാമ്പയിന്റെ ഭാഗം കൂടിയാണ് ഈ നിരീക്ഷണ സംവിധാനം. നഗരത്തെ കൂടുതൽ മനോഹരവും സുരക്ഷിതവുമാക്കാൻ പൊതുജനങ്ങളുടെ പിന്തുണയും നഗരസഭ അഭ്യർത്ഥിച്ചു.
ചടങ്ങിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അബ്ദുൾ അസീസ്, ബിന്ദു കെ.പി, ഭാവന വിനോദ്, മനീഷ ഉള്ളാട്ടിൽ എന്നിവരും കൗൺസിലർമാരായ ബബിത മനോജ്, ഷജീഷ് വയലത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺ ധനിഷ, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് അസി. എഞ്ചിനീയർ ദിവ്യ, അലി അക്ബർ, നളേശൻ, കെ.ടി. ശ്രീധരൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ. രാജേഷ്, വി.കെ. മജീദ് എന്നിവർ സംസാരിച്ചു. മുക്കം നഗരസഭാ സെക്രട്ടറി കൃഷ്ണഗോപാൽ എ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



