LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ അധ്യക്ഷത വഹിച്ചു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കോഴിക്കോട് ജില്ലാ നോഡൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബിനു കൂര്യൻ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ഫാർമസിസ്റ്റ് ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.

ആന്റിബയോട്ടിക് സ്മാർട്ട് പദവി നേടിയ സ്ഥാപനമാണ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം. കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ (KARSAP) ഭാഗമായി ആവിഷ്കരിച്ച ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

രോഗാണുക്കൾ മരുന്നുകളോട് പ്രതിരോധശേഷി കൈവരിക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ഇന്ന് ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും നിർദേശിച്ച അളവിലും കാലയളവിലും മരുന്നുകൾ കഴിക്കാതിരിക്കുന്നതും ഈ പ്രതിരോധശേഷി വർധിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം അണുബാധകൾ നിയന്ത്രിക്കുന്നതിനും ചികിത്സ ഫലപ്രദമാക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലും വെള്ളത്തിലും നിക്ഷേപിക്കുന്നതും മൃഗസംരക്ഷണം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ നിർദേശങ്ങൾ പാലിക്കാതെയുള്ള ആന്റിബയോട്ടിക് ഉപയോഗവും ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് കാരണമാകാം. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക, നിർദേശിച്ച രീതിയിൽ ചികിത്സ പൂർത്തിയാക്കുക, സ്വയംചികിത്സ ഒഴിവാക്കുക, ശുചിത്വശീലങ്ങൾ പാലിക്കുക എന്നിവയ്ക്ക് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണ്.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ, ഐ.സി.ഡി.എസ്., മെഡിക്കൽ ഷോപ്പുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ആന്റി മൈക്രോബിയൽ പ്രതിരോധത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മരുന്നുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനും ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കുന്നതിനും ആരോഗ്യപ്രവർത്തകരുടെയും ഫാർമസിസ്റ്റുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com