വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വികൃതമാക്കൽ: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; വൻ പിഴ ഈടാക്കും

വാഹനങ്ങളുടെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ്. എന്നാൽ പല വാഹന ഉടമകളും നിയമങ്ങൾ കാറ്റിൽപ്പറത്തി നമ്പർ പ്ലേറ്റുകൾ ഇഷ്ടാനുസരണം മാറ്റിമറിക്കുകയോ, മറച്ചുപിടിക്കുകയോ, അനാവശ്യ ചിത്രങ്ങളും എഴുത്തുകളും പതിപ്പിക്കുകയോ ചെയ്യുന്ന പ്രവണത വ്യാപകമാവുകയാണ്. പരിശോധനകളിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തുന്ന പ്രധാന നിയമലംഘനങ്ങൾ താഴെ പറയുന്നവയാണ്:
നമ്പർ പ്ലേറ്റ് അഴിച്ചു വെക്കുക.
നമ്പർ പ്ലേറ്റ് വളച്ച് വെക്കുക.
നമ്പർ കാണാത്ത തരത്തിൽ മറച്ചുവെക്കുക.
നമ്പർ പ്ലേറ്റിൻ്റെ ഒരു ഭാഗം മുറിച്ചു കളയുക.
കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ തേച്ചു വെക്കുക.
ഏതെങ്കിലും ഒരു അക്കത്തിനു മേൽ എന്തെങ്കിലും ഒട്ടിച്ചു വെക്കുക.
നമ്പർ പ്ലേറ്റ് വിചാഗിരി വെച്ച് ആവശ്യത്തിന് മടക്കി വെക്കുക.
ആവശ്യാനുസരണം റിമോട്ട് വഴി പ്ലേറ്റ് കവർ ചെയ്യുക.
ക്യാമറയിൽ പതിയാത്ത തരം മെറ്റീരിയൽ കൊണ്ട് നമ്പർ പ്ലേറ്റ് നിർമ്മിക്കുക.
നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രങ്ങളും എഴുത്തുകളും ഒട്ടിക്കുക.
ടെമ്പററി രജിസ്ട്രേഷൻ നമ്പർ മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം ചുവന്ന പ്രതലത്തിൽ വെളുത്തതോ കറുത്തതോ നിറമുള്ള അക്കത്തിൽ എഴുതുക.
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ വശങ്ങളിൽ (സൈഡിൽ) നമ്പർ എഴുതാതിരിക്കുക.
ബാറ്ററി ഓപറേറ്റഡ് (EV) ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരത്തിന് പകരം വെളുത്ത അക്ഷരത്തിൽ എഴുതുക.
ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക.
അപകടങ്ങളും ഇൻഷുറൻസ് തടസ്സങ്ങളും
ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ കാരണം റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടാതെ, ‘ഹിറ്റ് ആൻഡ് റൺ’ (Hit and run) കേസുകളിൽ ഉൾപ്പെടെ ഇരകൾക്ക് സാധാരണ ലഭിക്കേണ്ടതായ ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടാനും ഇത് കാരണമാകുന്നു.
വലിയ പിഴയീടാക്കും
രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതൊരു കുറ്റമായി കണക്കാക്കി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3,000 രൂപയും, മീഡിയം/ഹെവി വാഹനങ്ങൾക്ക് 5,000 രൂപയും പിഴയായി ഒടുക്കേണ്ടി വരുന്നതാണ്. വാഹന ഉടമകൾ ഇത്തരം നിയമലംഘനങ്ങളിൽ നിന്നും പിന്മാറണമെന്ന് മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിക്കുന്നു.



