ലഹരിയിൽ സ്റ്റീയറിങ് തൊടരുത്; റോഡുകൾ മരണക്കളമാക്കരുത്: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവർക്ക് മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന നിരപരാധികളായ മറ്റ് മനുഷ്യർക്കും വലിയ അപകടങ്ങൾ ഉണ്ടാക്കുന്നു. “ഞാൻ സുരക്ഷിതനാണ്” എന്ന തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താൻ കാരണമായേക്കാമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഓർമ്മിപ്പിക്കുന്നു.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്തുകൊണ്ട് അതീവ അപകടകരമാകുന്നു?
മന്ദീഭവിക്കുന്ന പ്രവർത്തനം: ലഹരി തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങൾ വിലയിരുത്താനുള്ള കഴിവും ഇല്ലാതാക്കുകയും ചെയ്യുന്നു.
വേഗതയും അകലവും കണക്കാക്കാനുള്ള ബുദ്ധിമുട്ട്: വാഹനത്തിന്റെ വേഗത കൃത്യമായി കണക്കാക്കാനും മുൻപിലെ വാഹനങ്ങളുമായുള്ള സുരക്ഷിത അകലം പാലിക്കാനും കഴിയാതെ വരുന്നു.
രാത്രികാലങ്ങളിലെ കാഴ്ചാ തടസ്സങ്ങൾ: രാത്രികളിൽ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ കണ്ണഞ്ചിപ്പോകാനും കാഴ്ച മങ്ങാനുമുള്ള സാധ്യതകൾ വർദ്ധിക്കുന്നു.
ക്ഷീണവും ഉറക്കച്ചടവും: ലഹരി ഉപയോഗം പെട്ടെന്ന് ക്ഷീണവും ഉറക്കച്ചടവും ഉണ്ടാക്കുന്നതിനാൽ വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാൻ ഇടയാക്കുന്നു.
നിയമപരമായ കർശന നടപടികൾ
മോട്ടോർ വെഹിക്കിൾ ആക്ട് (Motor Vehicles Act) പ്രകാരം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് അതീവ ഗൗരവമുള്ള കുറ്റമാണ്.
കോടതി നടപടികളിലൂടെ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
കൂടാതെ, ഡ്രൈവിംഗ് ലൈസൻസ് താത്ക്കാലികമായോ സ്ഥിരമായോ റദ്ദ് ചെയ്യപ്പെടും.
ലഹരിയിലുള്ള ഡ്രൈവിംഗ് മൂലം ആർക്കെങ്കിലും പരിക്കോ മരണമോ സംഭവിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഗുരുതരമായ കേസുകൾ ചുമത്തപ്പെടുകയും, വർഷങ്ങളോളം നീളുന്ന നിയമക്കുരുക്കുകളും കനത്ത ശിക്ഷയും നേരിടേണ്ടി വരികയും ചെയ്യും.
ഒരു നിമിഷത്തെ ആവേശമോ അശ്രദ്ധയോ ഒരു ജീവിതകാലം മുഴുവൻ കുടുംബങ്ങളെ കണ്ണീരിലാഴ്ത്താൻ ഇടയാക്കരുത്. “ലഹരി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും” എന്ന സന്ദേശം ഉൾക്കൊണ്ട്, “ലഹരിയിൽ സ്റ്റീയറിങ് തൊടരുത്; റോഡുകൾ മരണക്കളമാക്കരുത്” എന്ന് ഓരോ ഡ്രൈവർമാരും പ്രതിജ്ഞയെടുക്കേണ്ടതുണ്ട്.



