ഇ.എസ്.എ: സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം – യൂത്ത് ഫ്രണ്ട് (എം).

തിരുവമ്പാടി : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഏഴാം കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച റിപ്പോർട്ടും ഭൂപടവും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയതിലും പരാതികൾ നൽകാൻ അവസരമൊരുക്കാത്തതിലും യോഗം പ്രതിഷേധിച്ചു.
ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ ഉണ്ടായിരുന്നത് 2024ലെ ഭൂപടമാണെന്നും പരാതിക്കുള്ള സമയപരിധി അവസാനിച്ച് 17 ദിവസങ്ങൾക്കുശേഷമാണ് പുതിയ ഭൂപടം സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഭൂപടത്തിന്റെ നിയമസാധുത വ്യക്തമാക്കണമെന്നും അതിർത്തികൾ, ജനവാസ മേഖലകൾ, റവന്യൂ ഭൂമി, ഗ്രാമങ്ങളുടെ അതിർത്തികൾ, റോഡുകൾ, സ്ഥലനാമങ്ങൾ എന്നിവ വ്യക്തമായി തിരിച്ചറിയാവുന്ന ഭൂപടങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഏകപക്ഷീയമായ അതിർത്തിനിർണയം മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോസഫ് ജോൺ വയലിൽ അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ, മാത്യു ചെമ്പോട്ടിക്കൽ, ജോസഫ് മുത്തേടത്ത്, അഡ്വ. പി.കെ. നീതു, സോളമൻ സെബാസ്റ്റ്യൻ, റോജൻ പെരുമന, അനേക് തോണിപ്പാറ, ജെസ്വിൻ മുട്ടത്ത്, ജോൺസൺ പഴേടത്ത് എന്നിവർ പ്രസംഗിച്ചു.



