കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു.

മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15 മുതൽ 40 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. കായികമത്സരങ്ങൾക്കും കലാപ്രതിഭകൾക്കും വേദിയൊരുക്കുന്ന കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജ ടോം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കസ്ന ഹമീദ്, പി. അഹമ്മദ് കുട്ടി, പഞ്ചായത്തംഗങ്ങളായ കെ. വി നിയാസ്, എസ്.എ. നാസർ, എം.പി. ജുമൈല, പി. സുഹാസ്, ഷീജ, പി. കുട്ടി ഹസ്സൻ, ടി.പി. ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ചെയർപേഴ്സണും പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. മത്സരങ്ങൾക്ക് മുന്നോടിയായി നവംബർ ഒന്നിന് വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.
ബാഡ്മിന്റൺ മത്സരം തോട്ടുമുക്കത്തും നീന്തൽ മത്സരം കാരക്കുറ്റിയിലും നടക്കും. ചെസ്, പഞ്ചഗുസ്തി മത്സരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഹാൾ വേദിയാകും. അത്ലറ്റിക്സ് മത്സരങ്ങൾ കൊടിയത്തൂരിലും വോളിബോൾ തെനേങ്ങാപറമ്പിലും വടംവലി ചുള്ളിക്കാപ്പറമ്പിലും കബഡി പൊറ്റമ്മലിലും നടക്കും.
ക്രിക്കറ്റ് മത്സരം പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലും ഫുട്ബോൾ മത്സരം ചെറുവാടിയിലും കലാമത്സരങ്ങൾ പന്നിക്കോടും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും കായിക-കലാ രംഗങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും കേരളോത്സവം അവസരമൊരുക്കും.


