കോടികൾ മുടക്കി നിർമ്മിച്ച തിരുവമ്പാടി – കോടഞ്ചേരി റോഡ് കാടുമൂടി; സമൂഹമാധ്യമങ്ങളിൽ ജനരോഷം ശക്തം.

തിരുവമ്പാടി : കോടികൾ ചെലവഴിച്ച് നവീകരിച്ച തിരുവമ്പാടി – കോടഞ്ചേരി റോഡിന്റെ വശങ്ങൾ കാടുമൂടി നശിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. റോഡിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പം അധികൃതരുടെ അനാസ്ഥ ചോദ്യം ചെയ്തുകൊണ്ടുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.10 മീറ്റർ വീതിയിൽ നിർമ്മിച്ച റോഡിൽ 5.5 മീറ്റർ വീതിയിൽ ടാറിങ്ങും 1.5 മീറ്റർ വീതിയിൽ ഇന്റർലോക്കും ബാക്കി ഭാഗത്ത് ഓവുചാലുമാണ് ഒരുക്കിയിരുന്നത്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണി കളില്ലാത്തതിനാൽ പലയിടങ്ങളിലും കാടുവളർന്ന് ഇന്റർലോക്കും ഓവുചാലും പൂർണ്ണമായും മൂടപ്പെട്ട നിലയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഈ റോഡ് സൈഡിലെ കാടു വെട്ടി നന്നാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?…. എന്ന ചോദ്യമുയർത്തിയാണ് ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കാടുമൂടിയതോടെ കാൽനട യാത്രക്കാർക്ക് ഇന്റർലോക്ക് പാത ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഓവുചാലുകൾ അടഞ്ഞതോടെ മഴക്കാലത്ത് വെള്ളക്കെട്ടിനുള്ള സാധ്യതയും ഏറെയാണ്. കോടികൾ മുടക്കി നിർമ്മിച്ച പൊതുമുതൽ സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.



