കോടഞ്ചേരി കൂരോട്ടുപാറയിൽ വീട്ടുമുറ്റത്ത് പുലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ജനങ്ങൾ ഭീതിയിൽ.

കോടഞ്ചേരി: കൂരോട്ടുപാറയിൽ ജനവാസ മേഖലയിലെ വീട്ടുമുറ്റത്ത് പുലി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ കടുത്ത ആശങ്കയിലും ഭീതിയിലുമായി. കൂരോട്ടുപാറ റിഗ്മി കേഴാപ്ലാക്കലിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. വെള്ളിയാഴ്ച രാത്രി (27-11-2026) 9.53-നായിരുന്നു സംഭവം.വീടിന്റെ മുറ്റത്തെ നടപ്പാതയിലൂടെ പുലി പതുക്കെ നടന്നു വരുന്നതും, കുറച്ചുനേരം അവിടെ നിന്ന ശേഷം ചെടികൾക്കിടയിലൂടെ തൊട്ടടുത്ത പറമ്പിലേക്ക് കയറി മറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നൈറ്റ് വിഷൻ ക്യാമറയിൽ പുലിയുടെ ശരീരത്തിലെ പുള്ളികളും കണ്ണുകൾ തിളങ്ങുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പുലി എത്തിയ സമയം വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വളർത്തുമൃഗങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ആഴ്ചകൾക്ക് മുൻപ് പ്രദേശത്ത് വളർത്തുനായയെ പുലി പിടികൂടിയിരുന്നു. ക്ഷീരകർഷകർ ഏറെയുള്ള മേഖലയായതിനാൽ വളർത്തുമൃഗങ്ങളുടെ സുരക്ഷയെക്കുറിച്ച് കർഷകർ ആശങ്കപ്പെടുന്നുണ്ട്. അതിരാവിലെ പാൽ ശേഖരണത്തിനും വിതരണത്തിനുമായി ക്ഷീരകർഷകർ ഈ വഴിയിലൂടെ കടന്നുപോകാറുണ്ട്.കഴിഞ്ഞദിവസം മരുതിലാവിൽ വളർത്തുപോത്തിനെ പിടികൂടിയ പുലി വനംവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയിരുന്നു. ആൾതാമസം കുറഞ്ഞ മേഖലകളിലെ വിജനമായ റോഡുകളിലൂടെ തനിയെയുള്ള കാൽനടയാത്രയും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വിദ്യാർഥികൾ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും രക്ഷിതാക്കൾ ഒപ്പം പോകേണ്ട സാഹചര്യമാണുള്ളത്.കാർഷിക മേഖലയിലും പ്രതിസന്ധിപുലിശല്യം രൂക്ഷമായതോടെ പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. കൂടാതെ, ഭൂമി വിൽപന ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര മുൻകരുതൽ നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



