News

നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 19,854 പേര്‍

കോഴിക്കോട്:തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താനായി ജില്ലയില്‍ 19,854 പേരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരമുള്ളത്.

ജില്ലയില്‍ 85 വയസ് പിന്നിട്ട 16,278 പേരും ഭിന്നശേഷി വിഭാഗത്തില്‍ 32,232 പേരുമാണ് വോട്ടര്‍മാരായുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയക്കായി ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഇവരില്‍ വീടുകളില്‍ വോട്ട് ചെയ്യാന്‍ താത്പര്യമറിയിച്ച 85 വയസ് കഴിഞ്ഞ 7970 പേര്‍ക്കും ഭിന്നശേഷിക്കാരായ 11,884 പേര്‍ക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട്’ അനുവദിച്ചത്. ‘വീട്ടില്‍ നിന്നും വോട്ട്’ സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ലെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണെത്തുക. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാത്ത വിധത്തില്‍ വോട്ടിങ് നടപടികള്‍ ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com