
കോഴിക്കോട് : വീട്ടിൽ നിർത്തിയിട്ട കാറിനും ബൈക്കിനും അജ്ഞാതൻ തീയിട്ടു. കൊളത്തറ ആശാരികണ്ടിപറമ്പ് ആനന്ദ്കുമാറിന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്. ശനിയാഴ്ച 12-ഓടെയാണ് സംഭവം. മീഞ്ചന്ത സ്റ്റേഷനിലെ അഗ്നിരക്ഷാസേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദ്ദീനിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റെത്തി തീയണച്ചു.
തക്കസമയത്ത് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതിനാൽ വീട്ടിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു. വീടിന്റെ മുൻഭാഗത്തെ മരത്തിലേക്കും തീപടർന്നിരുന്നു. മുമ്പും ഇതുപോലെ വാഹനങ്ങൾ കത്തിക്കാനുള്ള ശ്രമങ്ങൾ നടന്നതായി പരാതിയുണ്ടായിരുന്നു. ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമാണോയെന്ന സംശയത്തിലാണ് പോലീസ്.
നല്ലളം പോലീസ് സംഭവത്തിൽ കേസെടുത്തു.ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് കുട്ടി, ജീൻസ് ജൊർജ് അൻവർ സാദിഖ്, പി.കെ. അജികുമാർ , ഹോംഗാഡ് എ. ബി. രാധാകൃഷണൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ ജസ്ലി റഹ്മാൻ, മുഹമ്മദ് ഷംഷീർ എന്നിവർ ചേർന്നാണ് തീ അണച്ചത്.



