
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാനയുടെ വിളയാട്ടം. രണ്ടുദിവസം തുടർച്ചയായി സ്ഥലത്ത് തമ്പടിച്ച ഒറ്റയാൻ വ്യാപകമായി വിളകൾ നശിപ്പിച്ചു.ആനക്കലി ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടിച്ചു. പൈപ്പുകൾ നശിപ്പിച്ചതാണ് കാരണം. മലമുകളിലെ പ്രകൃതിദത്ത നീരുറവകളിൽനിന്ന് പൈപ്പുകൾവഴി വീടുകളിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന എട്ടുവീട്ടുകാരുടെ കുടിവെള്ളമാണ് മുടങ്ങിയത്. നാട്ടുകാർ പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്.വനംവകുപ്പധികൃതരും സ്ഥലത്തെത്തി. ചെറുശ്ശേരി കുരിശുപള്ളിക്കുസമീപമാണ് കാട്ടാനയിറങ്ങിയത്. ശനിയാഴ്ച പുലർച്ചെയാണ് വ്യാപകനാശനഷ്ടമുണ്ടായത്. കീഴ്‌ശ്ശേരി സുരേഷ് കുമാർ, കുഞ്ഞുക്കുളങ്ങര രവി, തിരുവമ്പാടി കാരടി സൈതലവി, ഇടമനപറമ്പിൽ സെബാസ്റ്റ്യൻ, കിഴക്കയിൽ തങ്കച്ചൻ, പയ്യൂരത്തിൽ സോമൻ തുടങ്ങിയവരുടെ തെങ്ങ്, കമുക്, വാഴ, ജാതി തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.കൊടക്കാട്ടുപാറ വനമേഖലയിൽനിന്നുമാണ് ഇവിടെ കാട്ടാനയെത്തുന്നത്. വനാതിർത്തിയിൽ സൗരോർജവേലികളൊന്നുമില്ല. 2012-ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അഞ്ചുപേർ മരിക്കുകയും വ്യാപകമായി കൃഷിനാശമുണ്ടാകുകയുംചെയ്ത പ്രദേശമാണ് ചെറുശ്ശേരി.
ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കുരിശുപള്ളിക്ക് സമീപം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും കത്തുന്നില്ല. കുടിവെളളം പുനഃസ്ഥാപിക്കുന്നതിന് ഓസുകൾ നന്നാക്കാൻ കുന്നിൻമണ്ടയിൽ പോകാൻ കഴിയാതെ ഭയത്തിലാണെന്ന് നാട്ടുകാരനായ വയലിൽ ജോൺസൺ പറഞ്ഞു. കാട്ടുപന്നി, മലമാൻ, മുള്ളൻപന്നി, കുരങ്ങ്, മലവേഴാമ്പൽ തുടങ്ങി വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്. ജാതിക്കയാണ് മലവേഴാമ്പൽ വ്യാപകമായി നശിപ്പിക്കുന്നത്.



