
കരിപ്പൂർ : യുവതി കടത്തിക്കൊണ്ടുവന്ന സ്വർണം അവരുടെ അറിവോടെ കവർച്ച ചെയ്ത കേസിൽ 3 പേർകൂടി പിടിയിൽ.ക്വട്ടേഷൻ സംഘത്തലവൻ കോഴിക്കോട് വടകര സ്വദേശി നൗഷാദ് (35), കോഴിക്കോട് കിണാശ്ശേരി സ്വദേശി ഷാജഹാൻ (23), കല്ലായി സ്വദേശി അബ്ദുൽസലാം (25) എന്നിവരെയാണു കോഴിക്കോട് സിറ്റി സ്ക്വാഡിന്റെ സഹായത്തോടെ കിണാശ്ശേരിയിൽ നിന്നു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു.
2022 ഡിസംബർ 22ന് ആയിരുന്നു കേസ്. ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി ഡീന കടത്തിക്കൊണ്ടുവന്ന സ്വർണം ഉടമയ്ക്കു നൽകാതെ കവർച്ച ചെയ്യാനെത്തിയ സംഘമാണു പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ ജംനാസ്, സഹദ്, ഷഹീർ എന്നിവരെയും ഡീനയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തലവൻ നൗഷാദ് വിവിധ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കരിപ്പൂർ ഇൻസ്പെക്ടർ പി.ഷിബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.



