
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പുല്ലൂരാംപാറയിലെ ഇന്നത്തെ ശരാശരി താപനില 35 °C ആണ് . താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ” ഇത് ഏതെങ്കിലും വാർത്താചാനലിലെ കാലാവസ്ഥാ മുന്നറിയിപ്പല്ല. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിലെ കുട്ടിശാസ്ത്രജ്ഞർ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി നിർണയിച്ച ദിനാന്തരീക്ഷ സ്ഥിതി സംബന്ധിച്ച മുന്നറിയിപ്പാണിത്. മാറുന്ന കാലാവസ്ഥയും അത് പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതവും ഏറെ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജീകരിച്ച് കാലാവസ്ഥ പഠനം അനുഭവാധിഷ്ഠിതമാക്കുകയാണ് പുല്ലൂരാംപാറ യു.പി സ്കൂളിലെ Weather @ School പ്രോജക്ട് . എസ് എസ് കെ യുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ELA (Enhancing Learning Ambience) പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന വെതർ സ്റ്റേഷന്റെ ഉദ്ഘാടനം ബി ആർ സി ട്രെയിനർ ശ്രീ മനോജ് കുമാർ നിർവഹിച്ചു. പാഠപുസ്തകത്തിൽ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ഉഷ്ണമാപിനി ഉപയോഗിച്ച് ഒരു ദിവസത്തെ വിവിധ സമയങ്ങളിലെ താപനില കൃത്യമായി രേഖപ്പെടുത്തി കാലാവസ്ഥ നിർണയം നടത്തിയത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. താപനിലയ്ക്ക് പുറമേ കാറ്റിന്റെ ദിശയും വേഗതയും നിർണയിക്കുന്നതിനുള്ള വിൻഡ് വെയ്ൻ, അനിമോ മീറ്റർ എന്നിവയും അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഹൈഗ്രോ മീറ്ററും, മഴയുടെ തോത് അറിയാനുള്ള മഴമാപിനി, അന്തരീക്ഷ മർദ്ദം അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ബാരോമീറ്ററുമെല്ലാം വെതർ സ്റ്റേഷനിലുണ്ട്. കൂടാതെ സാന്ദ്രീകരണം , ബാഷ്പീകരണം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും Weather @ School കുട്ടികൾക്ക് അവസരം ഒരുക്കുന്നു.കേരളത്തിൽ ചുരുക്കം ചില ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രമാണ് ഇപ്പോൾ ഇത്തരം കാലാവസ്ഥ പഠന സൗകര്യം നിലവിലുള്ളത്.



