
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിൻ്റെവീട് കുത്തിത്തുറന്ന് മോഷണംനടത്തിയ കേസിൽ പ്രതിമലപ്പുറം മഞ്ചേരി മക്കരപ്പറമ്പ്സ്വദേശി അബ്ദുൽ ലത്തീഫിനെ തിരുവമ്പാടി എസ് ഐ ഇ കെ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിൽപെട്ടയാളാണ് ഇയാളെന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 20 ലധികം കേസുകളെണ്ടന്ന് പോലീസ് പറഞ്ഞു.ലത്തീഫ് ഉൾപ്പെട്ട മൂന്നംഗ സംഘം ഇക്കഴിഞ്ഞ ഫെബ്രുവരി 5നാണ് മോഷണം നടത്തിയത്.വീട്ടുകാർ ആശുപത്രിൽ പോയ സമയത്തായിരുന്നു മോഷണം. രണ്ടര പവൻ സ്വർണ്ണവും ഏഴായിരം രൂപയുമായിരുന്നു നഷ്ടപ്പെട്ടത്. പ്രദേശത്തെ സി സി ടി വി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരുതി ബ്രസ്സ കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് പോലീസ് മനസിലാക്കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘത്തിലുൾപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും തിരുവമ്പാടി പോലീസ് അറിയിച്ചു. എസ് ഐ ഇ.കെ രമ്യ, എ എസ് ഐ എം.ജയാനന്ദ്, വി.കെ വിനോദ്, എ.മുനീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



