KODIYATHOORLOCAL NEWS

എം. മുഹമ്മദ് മദനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കൊടിയത്തൂർ : ആറുപതിറ്റാണ്ടോളം ആധ്യാത്മികവിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുനൽകിയ ഇസ്‌ലാമികപണ്ഡിതനും പ്രഭാഷകനുമായ എം. മുഹമ്മദ് മദനി ഇനി ദീപ്തമായ ഓർമ്മ. കേരള നദ്‌വത്തുൽ മുജാഹിദീൻ ജന. സെക്രട്ടറിയും പ്രമുഖപണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന എം. മുഹമ്മദ് മദനിയുടെ മയ്യത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ സൗത്ത് കൊടിയത്തൂർ ജുമഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിമുതൽ സൗത്ത് കൊടിയത്തൂരിലെ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ആളുകളുടെ പ്രവാഹമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം സൗത്ത് കൊടിയത്തൂർ പള്ളി പരിസരവും റോഡും മയ്യത്ത് നമസ്കാരം നടന്ന മൈതാനവും അന്ത്യോപചാരമർപ്പിക്കാൻ എത്തിയവരെക്കൊണ്ട് നിറഞ്ഞു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ, എടവണ്ണ ജാമിഅ നദ്‌വിയ്യ പ്രിൻസിപ്പൽ, സുല്ലമുസ്സലാം അറബിക് കോളേജ് അധ്യാപകൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച മദനിയെ അവസാനമായി ഒരുനോക്കുകാണാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ശിഷ്യഗണങ്ങളാണെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം 4.30-ഓടെ സലഫി മസ്ജിദിനു സമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് മയ്യത്ത് നമസ്കാരം നടന്നത്. മയ്യത്ത് നമസ്കാരത്തിന് മകൻ ഷബീർ നേതൃത്വം നൽകി. കെ.എൻ.എം. സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ആക്ടിങ് സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി, മുജാഹിദ് നേതാക്കളായ ഹുസൈൻ മടവൂർ, മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിംലീഗ് നേതാക്കളായ പി.എം.എ. സലാം, പി.കെ. ബഷീർ, പി.കെ. ഫിറോസ്, കെ.പി.എ. മജീദ്, സി.പി. ചെറിയ മുഹമ്മദ്, മാധ്യമം എഡിറ്റർ അബ്ദുറഹിമാൻ, എം.പി. അബ്ദുസ്സമദ്, നൂർമുഹമ്മദ് നൂരിഷാ, ബാബു സേട്ട്, അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, ഡോ. കെ.പി. സക്കരിയ, പ്രൊഫ. എൻ.വി. അബ്ദുറഹിമാൻ, ഡോ. അൻവർ സാദത്ത്, പാലത്ത് അബ്ദുറഹിമാൻ, കുഞ്ഞുമുഹമ്മദ് പറപ്പൂർ, സയ്യിദ് മുഹമ്മദ് ഷാക്കിർ, എ.വി. അബ്ദുല്ല, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ, ടി.ടി. ഇസ്മായിൽ, കെ.സി. അബു, എം.എ. റസാഖ്, വി.എ. കരീം, നൗഷാദ് അലി, പി.കെ. അഹമ്മദ്, അഹമ്മദ് ദേവർകോവിൽ എം.എൽ.എ., പി.ടി.എ. റഹീം എം.എൽ.എ., പി.വി. അൻവർ എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com