
മുക്കം: 26 ന് മുക്കത്ത് നടക്കുന്ന തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സ്ഥലം സന്ദർശിച്ചു. നവകേരള സദസ് നടക്കുന്ന മുക്കം ഓർഫനേജ് ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കളക്ടർ പരിശോധന നടത്തി.പതിനയ്യായിരം ആളുകൾക്കു ഇരിക്കാവുന്ന പ്രധാന വേദിയാണ് പരിപാടിക്കായി സജ്ജീകരിക്കുന്നത്. ക്യാമ്പസിനുള്ളിലെ ഓഡിറ്റോറിയമാണ് ഭക്ഷണ വിതരണത്തിനായി തയാറാകുന്നത്.ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമാണ് പരിപാടി നടക്കുന്ന ഓർഫനേജ് ക്യാമ്പസിലേക്കു പ്രവേശനമുണ്ടാവുക. മാറ്റുവാഹനങ്ങൾ മുക്കം ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നാണ് നിർദേശം.പ്രധാനവേദിയും, ഭക്ഷണ വിതരണത്തിനുള്ള സ്ഥലവും എല്ലാം കളക്ടർ നേരിൽ കണ്ടു ഉറപ്പു വരുത്തി. സജ്ജീകരണങ്ങളെല്ലാം തൃപ്തികരമാണെന്ന് കളക്ടർ പറഞ്ഞു. എംഎൽഎ ലിന്‍റോ ജോസഫ്, സിപിഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് എന്നിവരും പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു



