LOCAL NEWSNews

മക്കളുടെ മുന്നില്‍ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം: നാലാഞ്ചിറയില്‍ മക്കളുടെ മുന്നില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ കാര്‍ ബാലരാമപുരം റയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇന്നു രാവിലെ സുരേഷിന്റെ മൃതദേഹം ചിദംബരത്ത് കണ്ടെത്തിയത്. ഇയാള്‍ ജീവനൊടുക്കിയതാവാം എന്നാണു പൊലീസ് കരുതുന്നത്.

നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബിവി (36) യെ ആണ് ഭര്‍ത്താവ് സുരേഷ് (46) മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലു മാസം മുമ്പാണ് ഇവര്‍ നാലാഞ്ചിറയിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ഹസീന വീട്ടില്‍നിന്നു പോയി. തുടര്‍ന്ന് സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനടയില്‍ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ചതിനെ തുടര്‍ന്ന് ഹസീന തിരിച്ചെത്താന്‍ സന്നദ്ധത അറിയിച്ചു. ഇന്നലെ ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയില്‍ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹസീനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com