
താമരശേരി: എംഎല്‍എ ഡോ. എം.കെ. മുനീറിന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ആരംഭിച്ച പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്‍റെ ഭാഗമായി ഓമശേരിയില്‍ സംഘടിപ്പിച്ച ത്രിദിന മഡ് ഫുട്‌ബോള്‍ മത്സരം നാടിന്‍റെ ആഘോഷമായി മാറി.
ലാമാസിയ ബാലുശേരിയാണ് മത്സരത്തില്‍ വിജയികളായത്. രചന ജാറം കണ്ടി റണ്ണറപ്പായി. റൊയാഡ് ഫാം ഹൗസ് വയലില്‍ നടന്ന സമാപന ദിന മത്സരത്തില്‍ ലാമാസിയ ബാലുശേരി, ശാന്തി സിനർജി ഓമശേരി, രചന ജാറംകണ്ടി, സമീക്ഷ ഓമശേരി എന്നീ ടീമുകളാണ് മത്സരിച്ചത്.
വിദേശികളുള്‍പ്പടെ തടിച്ചു കൂടിയ കാണികളില്‍ ആവേശം വിതറിയാണ് മഡ് ഫുട്‌ബോള്‍ സമാപിച്ചത്. മുൻ എംഎല്‍എയും മണ്ഡലം സംഘാടക സമിതി ചെയർമാനുമായ വി.എം. ഉമ്മർ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
ഗ്രാൻഡ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശേരിയില്‍ 14 മുതല്‍ കാർഷികോത്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും ഫുഡ് ഫെസ്റ്റും സാംസ്കാരിക പരിപാടികളും നടക്കും.



