
ബേപ്പൂർ : ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണ് നാളെ തിരിതെളിയും. ജനുവരി നാല്, അഞ്ച് തീയതികളിൽ ഡ്രോൺ ഷോ, കൈറ്റ് ഫെസ്റ്റിവൽ, വിവിധ ജലകായികമത്സരങ്ങൾ, സംഗീതകലാപരിപാടികൾ എന്നിവയാണ് ഫെസ്റ്റിലുണ്ടാവുക. സംസ്ഥാനടൂറിസം വകുപ്പും ജില്ലാഭരണകൂടവും ഡി.ടി.പി.സി.യും സംയുക്തമായാണ് വാട്ടർ ഫെസ്റ്റ് നടത്തുന്നത്.
കാസർകോടുമുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽനിന്നായി സ്പെഷ്യൽ, ലോക്കൽ വിഭാഗങ്ങളിലെ അസി. കമ്മിഷണർമാർ, ഇൻസ്പെക്ടർമാർ എന്നിവർക്കു കീഴിൽ 750 പോലീസ് സേനാംഗങ്ങളുടെ സേവനമാണ് ഒരുക്കുന്നത്.
വാഹനം പാർക്ക് ചെയ്യാനും സൗകര്യം
ഒരേസമയത്ത് ആയിരക്കണക്കിനാളുകൾ എത്തുന്നതിനാൽ വാഹനങ്ങൾ മറീന ബീച്ച് പരിസരത്തേക്ക് കൊണ്ടുവരാനാകില്ല. ഇതിനാൽ, ബേപ്പൂരിലേക്ക് വരുന്ന വാഹനങ്ങൾ അതതു പ്രവേശനഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നതിനാണ് സൗകര്യമൊരുക്കിയത്.
ബി.സി. റോഡ് വഴി വരുന്നവർക്ക് കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിൽ വിശാലമായ പാർക്കിങ് ഒരുക്കി. കോഴിക്കോട് വട്ടക്കിണർ ഭാഗത്തുനിന്ന് വരുന്നവർക്ക് ബേപ്പൂർ ജി.വി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടും ബേപ്പൂർ അങ്ങാടിവരെയെത്തുന്ന വാഹനങ്ങൾക്ക് പോർട്ടിനു സമീപത്തെ സിൽക്ക്, കോവിലകം ഭൂമികളും പയ്യാനക്കൽ ഒ.എം. റോഡ് വഴിയെത്തുന്നവർക്കായി കല്ലിങ്ങൽ ഗ്രൗണ്ടും പാർക്കിങ്ങിനായി പാകപ്പെടുത്തിയിട്ടുണ്ട്.
ബേപ്പൂരിലെ പ്രധാന പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് മറീന തീരത്തേക്ക് പ്രത്യേകമായി 75 ഓട്ടോറിക്ഷകൾ സ്റ്റിക്കർ പതിച്ച് ഫെസ്റ്റ് ദിവസങ്ങളിൽ സർവീസ് നടത്തും. ചാലിയം ഫോറസ്റ്റ് ടിമ്പർ ഡിപ്പോയുടെ ഭാഗമായുള്ള സ്ഥലവും പാർക്കിങ്ങിന് ഒരുക്കി. ബേപ്പൂർ-ചാലിയം ജങ്കാർ കൂടുതൽ സർവീസുണ്ടാകും.
വ്യോമസേനയുടെ എയർ ഷോ പരിശീലനപ്രദർശനം
ബേപ്പൂരിൽ ആകാശവിസ്മയം തീർത്ത് വ്യോമസേനയുടെ എയർ ഷോ പരിശീലനപ്പറക്കൽ. തിരുവനന്തപുരത്തെ സതേൺ എയർ കമാൻഡിൽനിന്നുള്ള മൂന്ന് ഹെലികോപ്റ്ററുകൾ പരിശീലനപ്പറക്കലിൽ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്കും വൈകീട്ട് മൂന്നിനും കോയമ്പത്തൂരിലെ സൂലൂരിലെ 43 വിങ് എയർഫോഴ്‌സിൽനിന്നുള്ള ഗ്രേറ്റ് സാരംഗ് ഹെലികോപ്റ്റർ യൂണിറ്റ് ബേപ്പൂർ മറീന ബീച്ചിനു മുകളിൽ പരിശീലനപ്പറക്കൽ നടത്തും. വൈകീട്ട് 3.30-നായിരിക്കും വ്യോമസേനയുടെ എയർഷോ.



