
തിരുവമ്പാടി: കൊടുവള്ളി ജോയിന്റ് ആർടിഒ ഓഫീസ് പരിധിയിൽ വരുന്ന തിരുവമ്പാടി ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് റോഡ് അപകട ഇരകളുടെ അനുസ്മരണ ദിനം (World Day of Remembrance for Road Traffic Victims) ആചരിച്ചു. റോഡ് സുരക്ഷയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്നതിനും, അവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, സുരക്ഷിതമായ റോഡ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
പരിപാടിയിൽ എം.വി.ഐ അനൂപ്, എ.എം.വി.ഐമാരായ ജിതിൻ,മുനീർ,ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എസ്.ഡി ബിജു എന്നിവർ സന്ദേശം നൽകി. ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ഷൈജു, മറ്റു യൂണിയൻ ഭാരവാഹികൾ ചടങ്ങിൽ സന്നിദ്ധാരായി. റോഡ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും എം.വി.ഐ അനൂപ് സംസാരിച്ചു .
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെയും ഡ്രൈവിംഗ് പരിശീലകരുടെയും പങ്ക് നിർണായകമാണെന്ന് യോഗം വിലയിരുത്തി. അപകടങ്ങളില്ലാത്ത ഒരു നാളേക്ക് വേണ്ടി കൂട്ടായി പരിശ്രമിക്കണമെന്നും ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.



