താമരശ്ശേരി ഉപജില്ലാ കലാമാമാങ്കത്തിന് നാളെ തിരിതെളിയും.

ഈങ്ങാപ്പുഴ: സർഗാത്മകതയുടെ വർണച്ചിറകുകളേറി കലാപ്രതിഭകളുടെ മഹാസംഗമത്തിന് ഈങ്ങാപ്പുഴ ഒരുങ്ങി. താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ നവംബർ 18, 19 തീയതികളിൽ ഈങ്ങാപ്പുഴ എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെടും. രണ്ടുദിവസങ്ങളിലായി 11 വേദികളിൽ നടക്കുന്ന കലാമാമാങ്കത്തിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും.പാട്ടും നൃത്തവും അഭിനയവും സാഹിത്യവും സർഗാത്മക പ്രകടനങ്ങളും ഒത്തുചേരുന്ന കലോത്സവം വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ പ്രതിഭകളെ കണ്ടെത്താനുമുള്ള വലിയ വേദിയാകും. അറബി, സംസ്കൃത ഭാഷകളിലെ സാഹിത്യ-കലാ മത്സരങ്ങളും മേളയ്ക്ക് വൈവിധ്യവും സമ്പന്നതയും പകരും. കലയുടെ ആവേശവും സൗഹൃദത്തിന്റെ സന്ദേശവും പങ്കുവെക്കുന്ന രണ്ട് ദിനങ്ങൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യും. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി. റിപ്പോർട്ട് അവതരിപ്പിക്കും. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സജീന ഉപഹാര സമർപ്പണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് മുഖ്യാതിഥിയാകും. ഫാ.വർഗീസ് ജോൺ മുഖ്യപ്രഭാഷണം നടത്തും.



