
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പ്രഖ്യാപനം നിർവഹിച്ചു.പ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാർത്ഥികൾ വായനയും കായിക വിനോദങ്ങളും ജീവിതശൈലിയുടെ ഭാഗമാക്കി ലഹരിമുക്ത സമൂഹനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് അവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ സ്വാഗതം ആശംസിച്ചു. രേഖപ്പെടുത്തി.ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ വിഷയാവതരണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാറ ബീഗം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് മഞ്ഞപ്പാറ, സക്കീന സലീം, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള 9 നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി സ്കൂളുകൾ നൽകിയ സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ എല്ലാ സ്കൂളുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഇതോടനുബന്ധിച്ച് ഷിഗെല്ല രോഗ പ്രതിരോധ ബോധവൽക്കരണ പോസ്റ്ററിന്റെ പ്രകാശനവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു പോസ്റ്റർ പ്രകാശനം ചെയ്ത് പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആഹ്വാനം ചെയ്തു.
ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ, വിദ്യാർത്ഥികൾ, SPC, NSS, സ്കൗട്ട് ആൻഡ് ഗൈഡ്സ്, JRC, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിനു ബേബി നന്ദിയും പറഞ്ഞു.



