ഓൺലൈൻ തട്ടിപ്പ് സംഘം സജീവം; ‘എൻടിഎൽ’ (NTL) ആപ്പ് വഴിയുള്ള നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന വ്യാജ വാഗ്ദാനങ്ങളിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഓൺലൈൻ സംഘങ്ങൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് സജീവമായ ‘എൻടിഎൽ’ (NTL) എന്ന വ്യാജ ആപ്പ് ഉപയോഗിച്ചാണ് നിലവിൽ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്.
വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഓൺലൈൻ ജോലികളും ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതികളും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ ആകൃഷ്ടരായി എത്തുന്നവരെ തന്ത്രപരമായി വ്യാജ ‘എൻടിഎൽ’ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുകയാണ് ഇവരുടെ രീതി.
തട്ടിപ്പ് രീതി ഇങ്ങനെ:
രജിസ്ട്രേഷനും ചെറിയ ടാസ്കുകളും: ആപ്പിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വിവിധ ഓൺലൈൻ ജോലികളും നിക്ഷേപ പദ്ധതികളും പരിചയപ്പെടുത്തുന്നു. ആദ്യ ഘട്ടങ്ങളിൽ ചെറിയ തുക നിക്ഷേപിക്കുമ്പോൾ വാഗ്ദാനം ചെയ്ത കമ്മീഷനും ലാഭവും ഉപയോക്താക്കൾക്ക് തിരികെ നൽകി വിശ്വാസ്യത പിടിച്ചുപറ്റുന്നു.
പണം പിൻവലിക്കുമ്പോൾ തടസ്സങ്ങൾ: ആളുകൾ വലിയ തുക നിക്ഷേപിച്ച ശേഷം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ‘പെൻഡിങ് ഫോർ റിവ്യൂ’, ‘പ്രോസസിംഗ്’, ‘ഹോളിഡേ’ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോകുന്നു.
അധിക തുക ആവശ്യപ്പെടൽ: പണം പിൻവലിക്കുന്നതിനായി അധിക ഫീസ്, നികുതി, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെടുന്നു. ഒടുവിൽ നിശ്ചിത സമയത്തിനുള്ളിൽ വ്യാജ ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.
പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ:
അതിമോഹ വാഗ്ദാനങ്ങളിൽ വീഴരുത്: ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ആപ്പുകളേയോ നിക്ഷേപ പദ്ധതികളേയോ ഒരു കാരണവശാലും വിശ്വസിച്ച് പണം നിക്ഷേപിക്കരുത്.
ലിങ്കുകൾ ഡൗൺലോഡ് ചെയ്യരുത്: സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ ഉപയോഗിച്ച് ഒരു ആപ്പും ഡൗൺലോഡ് ചെയ്യാതിരിക്കുക.
സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിക്കുക: ഓൺലൈൻ നിക്ഷേപങ്ങൾക്ക് മുതിരുന്നതിന് മുൻപ് ആ സ്ഥാപനത്തിന്റെ ആധികാരികതയും വിശ്വാസ്യതയും പൂർണ്ണമായി ഉറപ്പുവരുത്തുക.
ചെറിയ ലാഭത്തിൽ മയങ്ങരുത്: ചെറിയ നിക്ഷേപത്തിന് ചെറിയ കമ്മീഷൻ ലഭിച്ചു എന്ന കാരണത്താൽ ഒരിക്കലും വലിയ തുക നിക്ഷേപിക്കാതിരിക്കുക.
വിവരങ്ങൾ പങ്കുവെക്കരുത്: നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ (UPI PIN) എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുക: ഇത്തരം ആപ്പുകളിൽ ചേരുന്നതിനായി പരിചയക്കാരെയോ ബന്ധുക്കളെയോ ഒരു കാരണവശാലും പ്രേരിപ്പിക്കരുത്.
തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?
ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ പോലീസിന്റെ സൈബര്‍ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്കോ, www.cybercrime.gov.in എന്ന ഔദ്യോഗിക സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.



