
തിരുവമ്പാടി : വ്യാപാരോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക കലാകാരന്മാരുടെ സംഗീതനിശ ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 25-ഓളം ഗായകർ വേദിയിലെത്തി ഗാനങ്ങൾ അവതരിപ്പിച്ചതോടെ തിരുവമ്പാടിയുടെ സായാഹ്നം സംഗീതസാന്ദ്രമായി.
പ്രാദേശികമായി അറിയപ്പെടാതെ കിടന്നിരുന്ന നിരവധി കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി സംഗീതനിശ മാറി. സെപ്റ്റംബർ 12ന് നടക്കുന്ന ‘തില്ലം തില്ലം 360’ വ്യാപാരോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്.
സംഗീതനിശയിലൂടെ നിരവധി പുതിയ പ്രതിഭകളെ കണ്ടെത്താൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ. തോമസ് പറഞ്ഞു.
ജനറൽ സെക്രട്ടറി ഷാജി ജോൺ അധ്യക്ഷത വഹിച്ചു. ഗഫൂർ സിംഗാർ, എം. ഫൈസൽ, ജയേഷ് സ്രാമ്പിക്കൽ, എം. സന്തോഷ്, അനീഷ് കെ. ജോൺ, അനൂപ്, ഗിരീഷ് കുമാർ, ശ്രീജിത്ത് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.



