എസ്.എം.എ ബാധിത കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി ആർ.ജെ.ഡി; നാലു ഘട്ടങ്ങളിലായി സമാഹരിച്ചത് 4.87 ലക്ഷം രൂപ.

കൂടരഞ്ഞി : സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി നാലാം ഘട്ടമായി സമാഹരിച്ച തുകയും കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ നാല് ഘട്ടങ്ങളിലായി ആകെ 4,87,823 രൂപയാണ് ചികിത്സാ സഹായ സമിതിക്ക് കൈമാറിയത്.ചികിത്സാ സഹായ സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ആർ.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ തുക കൈമാറി. ആർ.ജെ.ഡി നേതാവ് പി.എം. തോമസ് മാസ്റ്റർ രസീത് ഏറ്റുവാങ്ങി. കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ ചികിത്സയ്ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടിയുടെ വിവിധ ഘടകങ്ങളും പ്രവർത്തകരും ഒത്തുചേർന്നാണ് തുക സമാഹരിച്ചത്. പ്രവർത്തകരിൽനിന്ന് പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പണം ശേഖരിച്ചതിനു പുറമെ പാട്ടുവണ്ടി, പായസ ചലഞ്ച് തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളിലൂടെയും പൊതുജനങ്ങളിൽനിന്ന് സഹായം കണ്ടെത്തി.നാല് ഘട്ടങ്ങളിലായി സമാഹരിച്ച തുക:പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പ്രവർത്തകരിൽനിന്ന് 1,21,000 രൂപയും രാഷ്ട്രീയ യുവജനതാദൾ നടത്തിയ പാട്ടുവണ്ടിയിലൂടെ 1,08,600 രൂപയും മഹിളാ ജനതാദൾ സംഘടിപ്പിച്ച പായസ ചലഞ്ചിലൂടെ 1,05,339 രൂപയും സമാഹരിച്ചു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പാട്ടുവണ്ടിയിലൂടെ 1,52,884 രൂപയും ലഭിച്ചു. ഈ നാല് പ്രവർത്തനങ്ങളിലൂടെയാണ് ആകെ 4,87,823 രൂപ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറിയത്.കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായ പാർട്ടി പ്രവർത്തകർക്കും സഹകരിച്ച നാട്ടുകാർക്കും കമ്മിറ്റി നന്ദി അറിയിച്ചു.ചടങ്ങിൽ ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹ്മാൻ മാസ്റ്റർ, ജോൺസൺ കുളത്തിങ്കൽ, ടാർസൺ ജോസ്, ജോർജ് വർഗീസ് എന്നിവർ പങ്കെടുത്തു.



