തിരുവമ്പാടി പാരലൽ കോളേജ് സമരത്തിന് 35 വയസ്സ്; പോരാട്ടസ്മരണകൾ പുതുക്കി നാട്.

തിരുവമ്പാടി: കേരളത്തിലെ പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് കൺസഷൻ അവകാശസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ തിരുവമ്പാടി സമരത്തിനും പോലീസ് വെടിവെയ്പ്പിനും 35 വർഷം. 1991 നവംബർ 27-ന് തിരുവമ്പാടിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെയും തുടർന്നുണ്ടായ പോലീസ് നടപടികളെയും ജയിൽവാസത്തെയും അനുസ്മരിച്ച് നാട്.പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് യാത്രാസൗജന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടന്ന സമരത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുവമ്പാടി. 1991 നവംബർ 27-ന് സമരം ശക്തമായതോടെ പോലീസ് വെടിവെയ്പ്പും ലാത്തിച്ചാർജും ഉണ്ടായി. തുടർന്നുള്ള ഒരു മാസത്തോളം പ്രദേശത്ത് കടുത്ത പോലീസ് നടപടികളാണ് അരങ്ങേറിയത്. രാഷ്ട്രീയ പ്രേരിതമായി നൽകിയ പട്ടിക പ്രകാരം നിരപരാധികളായ 97 പേരെ പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്തതായി സമരസഖാക്കൾ ഓർക്കുന്നു.ജോളി ജോസഫ് ഒന്നാം പ്രതിയായ കേസിൽ എ.കെ. അഹമ്മദ് കുട്ടി, ഗണേഷ് ബാബു, കെ.ജി. ഉണ്ണി, കെ.കെ. തോമസ്, കുഞ്ഞൻ മാസ്റ്റർ, മൺമറഞ്ഞ ഉണ്ണിയേട്ടൻ, സെയ്തു കടുവണ്ടി, രമേശൻ മാഞ്ചോട്, കൂമ്പാറ ഫിലിപ്പ് തുടങ്ങി 97 പേരാണ് പ്രതിചേർക്കപ്പെട്ടത്. 17 ദിവസത്തോളം ഇവർ കോഴിക്കോട് ജില്ലാ ജയിലിൽ കടുത്ത ദുരിതങ്ങൾ അനുഭവിച്ച് തടവിൽ കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ സമരഭടന്മാർക്ക് തിരുവമ്പാടിയിൽ ആയിരങ്ങൾ പങ്കെടുത്ത വൻ സ്വീകരണമാണ് അന്ന് നൽകിയത്. കെ.ആർ. ഗൗരിയമ്മ, മത്തായി ചാക്കോ, എം. ദാസൻ, കെ. മൂസക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.അഞ്ച് വർഷത്തോളം കോഴിക്കോട് കോടതിയിൽ കേസ് നടത്തിപ്പിനായി വലിയ സാമ്പത്തിക പ്രയാസങ്ങളാണ് പ്രതിചേർക്കപ്പെട്ടവർ അനുഭവിച്ചത്. വണ്ടിക്കൂലിക്കും വക്കീൽ ഫീസിനും പോലും പണമില്ലാതെ 97 കുടുംബങ്ങൾ കഷ്ടപ്പെട്ടു. ഒടുവിൽ 1996-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരാണ് ഈ കേസുകൾ പിൻവലിച്ചത്.ഭരണകൂട അടിച്ചമർത്തലുകളെയും വെടിയുണ്ടകളെയും അതിജീവിച്ച് വിദ്യാർത്ഥി അവകാശങ്ങൾ നേടിയെടുത്ത ആ ഐതിഹാസിക പോരാട്ടത്തിന്റെ 35-ാം വാർഷിക ദിനത്തിൽ സമരസ്മരണകൾ പുതുക്കുകയാണ് തിരുവമ്പാടി.



