ജില്ലാ സ്കൂൾ കലോത്സവം: ഊട്ടുപുരയിൽ പരിശോധന നടത്തി ഫുഡ് സേഫ്റ്റി വിഭാഗം.

മുക്കം: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിൽ തിരുവമ്പാടി നിയോജക മണ്ഡലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സനീന മജീദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പസിലെ ഒഎസ്എ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ഭക്ഷണ വിതരണ ശാലയിലും നിർമ്മാണ സ്ഥലത്തുമായിരുന്നു പരിശോധന. ഒരുക്കത്തിൽ പൂർണ്ണ സംതൃപ്തിയാണെന്ന് പരിശോധകർ രേഖപ്പെടുത്തി.കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറിയ ആദ്യ ദിനത്തിൽ 3500 ഓളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്തു. നെയ്ച്ചോറും ചിക്കൻ കറിയും വിളമ്പി.കെ.പി.എ.എസ്.ടിയുടെ നേതൃത്വത്തിലാണ് ഭക്ഷണ കമ്മിറ്റി പ്രവർത്തിക്കുന്നത്. ആദ്യ ദിനത്തിൽ ആതിഥേയരായ ഓർഫനേജിന് കീഴിലെ വിവിധ വിദ്യാലയങ്ങളിലെ ജീവനക്കാരും പി.ടി.എ കമ്മിറ്റിയുമാണ് ഭക്ഷണം സ്പോൺസർ ചെയ്തത്. ഭക്ഷണ കമ്മിറ്റി വർക്കിംഗ് ചെയർമാൻ എം.ടി. അഷ്റഫ്, കൺവീനർ ഇ.കെ. സുരേഷ്, റോയ് തോമസ്, യു.പി. അബ്ദുൾ റസാഖ്, ഒ.കെ. ബൈജു, എം.എ. സൗദ, കെ.പി. സാദിഖലി, ശശി തുടങ്ങിയവർ നേതൃത്വം നൽകി.



