LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കലയുടെ പൂരത്തിന് ഇന്ന് മുക്കത്ത് കൊടിയേറും; റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല തുടക്കം.

മുക്കം: കൗമാര കലാപ്രതിഭകളുടെ മാറ്റുരയ്ക്കലിന് വേദിയാകുന്ന 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മുക്കത്ത് തിരിതെളിയും. കലോത്സവത്തിന് മുന്നോടിയായി വൈകിട്ട് 3.30-ന് മുക്കം സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്തുനിന്ന് വർണ്ണാഭമായ വിളംബരജാഥ ആരംഭിക്കും. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന ജാഥ പ്രധാന വേദിയായ ഓർഫനേജ് സ്കൂളിൽ സമാപിക്കും.ജനപ്രതിനിധികൾ, പൗരപ്രമുഖർ, അധ്യാപകർ എന്നിവർക്കൊപ്പം എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ് അംഗങ്ങൾ, ബി.എഡ്, ഡി.എൽ.എഡ് വിദ്യാർത്ഥികൾ , കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വിളംബരജാഥയിൽ അണിനിരക്കും.വൈകിട്ട് 4.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായും പ്രശസ്ത ചലച്ചിത്രതാരം ജോയ് മാത്യു വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണവും മുക്കം നഗരസഭ അധ്യക്ഷ അഡ്വ. കെ.പി. ചാന്ദ്നി കലോത്സവ സന്ദേശവും നൽകും. ഉദ്ഘാടന വേദിയിൽ കലോത്സവ സുവനീറിന്റെ മുഖചിത്ര പ്രകാശനവും നടക്കും.നവംബർ 28, 30, ഡിസംബർ 1, 2, 3 തീയതികളിലായി 22 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ജില്ലയിലെ 17 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി പതിമൂവായിരത്തോളം കലാപ്രതിഭകൾ മേളയിൽ പങ്കെടുക്കും. വിളംബരജാഥയിലും ഉദ്ഘാടന സമ്മേളനത്തിലും മുഴുവൻ കലാസ്നേഹികളുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com