
താമരശ്ശേരി : ഏകാധ്യാപക വിദ്യാലയമായി 1946-ൽ പ്രവർത്തനമാരംഭിച്ച കൂടത്തായി സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 78-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കും.
മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. നവീകരിച്ച സയൻസ് ലാബിന്റെയും ലൈബ്രറിയുടെയും ഔപചാരിക ഉദ്ഘാടനവും ഉപഹാരസമർപ്പണവും ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിക്കും. കോഴിക്കോട് സെയ്ന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട അധ്യക്ഷനാവും.
വിരമിക്കുന്ന പ്രധാനാധ്യാപിക ഷൈനി തോമസ്, അധ്യാപികമാരായ സൈന സൈമൺ, ജോളി ജോസഫ്, ലിസ്സി ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകും. സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, മാനേജർ ഫാ. ബിബിൻ ജോസ്, പി.ടി.എ. പ്രസിഡന്റ് കെ.കെ. മുജീബ്, കൺവീനർ ബെന്നി ജോർജ് എന്നിവർ പങ്കെടുത്തു.



